ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകൾ ചാൾസ് രാജാവ് നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി വ്യാഴാഴ്ച രാജാവിനെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായി ബക്കിംഗ് ഹാം കൊട്ടാരം അറിയിച്ചു. ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില പാർശ്വഫലങ്ങൾ രാജാവിനെ ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആശുപത്രിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം രാജാവ് ക്ലാരൻസ് ഹൗസിലേക്ക് മടങ്ങി. അവിടെ അദ്ദേഹം ഒദ്യോഗിക കടമകൾ നിർവഹിക്കുന്നത് തുടരുകയാണ് .
എന്നാൽ വൈദ്യോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബർമിംഗ്ഹാം പര്യടനം റദ്ദാക്കിയിട്ടുണ്ട് . 76 വയസ്സുകാരനായ രാജാവിന് ബർമിംഗ്ഹാമിൽ 4 പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. നിലവിലെ ആരോഗ്യ സ്ഥിതിയുടെ വെളിച്ചത്തിൽ ബർമിംഗ്ഹാമിൽ രാജാവ് പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു.രാജാവിന്റെ ആരോഗ്യ സ്ഥിതി വ്യാഴാഴ്ച മൂന്ന് അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയെയും ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വക്താവ് പറഞ്ഞു. രാജാവിൻറെ പൊതു പരിപാടികൾ റദ്ദാക്കിയതിൽ അദ്ദേഹത്തിന് അതീവ ദുഃഖമുണ്ടെന്നും അവ വീണ്ടും പുന:ക്രമീകരിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കൊട്ടാര പ്രസ്താവനയിൽ അറിയിച്ചു. രാജാവിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെൻട്രൽ ലണ്ടനിലെ ആശുപത്രിയിലേയ്ക്ക് അദ്ദേഹം പോയത് ആംബുലൻസിൽ അല്ലെന്നും കാറിൽ ആണെന്നും ആണ് അറിയാൻ കഴിഞ്ഞത് .
കഴിഞ്ഞ കുറെ നാളുകളായി യുകെയുടെ നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാകുവാൻ രാജാവ് നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. അടുത്ത ആഴ്ച മുതലുള്ള രാജാവിൻറെ പരിപാടികൾ മുടക്കമില്ലാതെ നടക്കുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ അദ്ദേഹം ഇറ്റലി സന്ദർശിക്കും. 2024 ഫെബ്രുവരിയിലാണ് കൊട്ടാരം രാജാവിൻ്റെ ക്യാൻസർ രോഗനിർണ്ണയം ആദ്യമായി പ്രഖ്യാപിച്ചത്. രാജാവിന് ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. ചികിൽസയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം പൊതു ജോലിയിൽ തിരിച്ചെത്തിയത്.
Leave a Reply