ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് മൂന്നാമൻ രാജാവും റാണി കമില്ലയും ചരിത്രപ്രാധാന്യമുള്ള വത്തിക്കാൻ സന്ദർശനത്തിനായി റോമിലെത്തി. പോപ്പ് ലിയോവുമായുള്ള ഈ കൂടിക്കാഴ്ച ക്രിസ്ത്യൻ മതങ്ങളായ ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാകുമെന്നുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. 16-ാം നൂറ്റാണ്ടിലെ മതസംവിധാന മാറ്റത്തിന് ശേഷം ഒരു ബ്രിട്ടീഷ് രാജാവ് പോപ്പിനൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ഇതാദ്യമായിരിക്കും. “വിഭജനവും കലഹവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരായ പ്രതിരോധമായി ഈ ഐക്യം പ്രവർത്തിക്കും” എന്നാണ് രാജാവിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജകുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. ആൻഡ്രൂവിന്റെ പദവികൾ പിന്‍വലിച്ചതോടെ രാജകുടുംബത്തിന്റെ പ്രതിഛായയ്ക്കുണ്ടായ പ്രതികൂലത കുറയ്ക്കാനാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നീക്കം. എങ്കിലും, ജെഫ്രി എപ്സ്റ്റീനുമായി ആൻഡ്രൂവിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും വെർജീനിയ ഗിയൂഫ്രെയുടെ ആത്മകഥയിലെ ആരോപണങ്ങളും വീണ്ടും രാജകുടുംബത്തിന് സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാജാവ് ചാൾസിന്റെ വത്തിക്കാൻ സന്ദർശനം കുടുംബപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള അവസരമായി കൊട്ടാരം കാണുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വത്തിക്കാനിൽ പ്രസിദ്ധനായ സിസ്റ്റീൻ ചേപ്പലിൽ മൈക്കലാഞ്ചലോയുടെ ചിത്രങ്ങൾക്കടിയിൽ രാജാവും പോപ്പും ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുക്കും. കത്തോലിക്കാ പുരോഹിതരും ആംഗ്ലിക്കൻ മതപണ്ഡിതരും, വത്തിക്കാൻ കോയറും രാജകീയ കോയറും ചേർന്ന് പങ്കെടുക്കുന്ന ഈ ആരാധനാ സമ്മേളനം ഇരുസഭകളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താനായിരിക്കും ലക്ഷ്യമിടുന്നത്. കൂടാതെ, സെന്റ് പോൾസ് ഔട്ട്സൈഡ് ദ വാൾസ് പള്ളിയിൽ നടക്കുന്ന മറ്റൊരു ചടങ്ങിൽ രാജാവ് പങ്കെടുത്ത് ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിലനിന്നിരുന്ന ഇംഗ്ലീഷ് രാജകീയ ബന്ധത്തിന്റെ പ്രതീകമായ “റോയൽ കോൺഫ്രേറ്റർ” പദവി ഏറ്റുവാങ്ങും. ഈ സന്ദർശനം യുകെയും കത്തോലിക്കാ സഭയും തമ്മിലുള്ള ആത്മീയവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിൽ നിർണായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.