ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷത്തിന് ഭീഷണിയായി ഒമിക്രോൺ. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ മന്ത്രിമാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും വരും ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഒമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത് പിങ്ഡെമിക്കിലേക്ക് നയിക്കുമെന്നും ബിസിനസുകൾ പ്രതിസന്ധിയിലാകുമെന്നും വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകി. ക്രിസ്മസിന് മുന്നോടിയായി ബ്രിട്ടനിലുടനീളം ഇത് ജീവനക്കാരുടെ കുറവിന് കാരണമാകും. എൻഎച്ച്എസ് കോവിഡ് ആപ്പിൽ നിന്നുള്ള നിർദേശങ്ങളെയാണ് ‘പിങ്ഡെമിക്’ എന്നു വിളിക്കുന്നത്. സെൽഫ് ഐസൊലേഷൻ പോകണമെന്ന് ആപ്പ് ആവശ്യപ്പെടും. ഈ നിർദേശം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രൂപകൽപ്പന ചെയ്ത നടപടികളുടെ ഭാഗമായി സെൽഫ് ഐസൊലേഷൻ തിരികെ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ക്രിസ്മസിന് മുന്നോടിയായി നിരവധി ജീവനക്കാർ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 2 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് അഫയേഴ്സ് തിങ്ക്-ടാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം നിർദ്ദേശങ്ങൾ ബിസിനസ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെങ്ങിന് വ്യവസായ നേതാക്കൾ മുന്നറിയിപ്പ് നൽകി.

പുതിയ നിയന്ത്രണങ്ങൾ ചില സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വെല്ലുവിളിയാകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. അതേസമയം രാജ്യത്ത് ഇന്ന് മുതല്‍ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പൊതു ഗതാഗതത്തിലും കടകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ദിവസേന അഞ്ച് ലക്ഷം ബൂസ്റ്റർ ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്താനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. 40ന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്ററില്‍ മുന്‍ഗണന ലഭിക്കുക.