ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ രോഗികൾക്ക് ഹൃദയഭേദകമായ സന്ദേശം നൽകി ചാൾസ് രാജാവ്. ക്യാൻസർ ചാരിറ്റികൾക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ, യുകെയിൽ പ്രതിദിനം 1,000-ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ, താൻ രോഗബാധിതരായ നിരവധി പേരിൽ ഒരാളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്യാൻസർ രോഗം എന്നും രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഭയാനകമായ ഒരനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദേശത്തിൽ തൻെറ ആരോഗ്യ നിലയെ കുറിച്ച് രാജാവ് ഒന്നും പറഞ്ഞില്ലെങ്കിലും ആരോഗ്യസ്ഥിതിയിൽ അദ്ദേഹം നല്ല പുരോഗതി കൈവരിക്കുന്നുണ്ടെന്ന് രാജകീയ വൃത്തങ്ങൾ പറയുന്നു.
2024 ഫെബ്രുവരിയിലാണ് ചാൾസ് രാജാവ് ക്യാൻസർ രോഗബാധിതനായത്. ഇതിന് പിന്നാലെ നടത്തിയ ചികിത്സയിൽ രാജാവിൻെറ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി കൊട്ടാര അധികൃതർ പറയുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ക്യാൻസർ ചാരിറ്റികൾക്കായുള്ള സ്വീകരണത്തിൽ പങ്കിട്ട സന്ദേശത്തിലാണ് രാജാവ് തൻെറ രോഗാവസ്ഥയിൽ ഉള്ള അനുഭവം പങ്കിട്ടത്. രോഗബാധിതരെ പരിചരിക്കുന്നവരോടുള്ള ആദരവും അദ്ദേഹം ഈ വേളയിൽ പ്രകടമാക്കി. മെഡിക്കൽ പ്രൊഫഷണലുകൾ മുതൽ സന്നദ്ധപ്രവർത്തകരും പിന്തുണാ ഗ്രൂപ്പുകളും വരെയുള്ള മനുഷ്യബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ മാക്മില്ലൻ ക്യാൻസർ സപ്പോർട്ട്, ബ്രെസ്റ്റ് ക്യാൻസർ നൗ, മാഗീസ്, ചിൽഡ്രൻസ് ഹോസ്പിസ് സൗത്ത് വെസ്റ്റ് തുടങ്ങിയ പ്രധാന ക്യാൻസർ ചാരിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ക്യാൻസർ ബാധിതരായ വ്യക്തികൾ, ചാരിറ്റി ചാമ്പ്യന്മാർ, റേഡിയോ അവതാരക അഡെൽ റോബർട്ട്സ്, മുൻ ഫുട്ബോൾ താരം ആഷ്ലി കെയ്ൻ, നടൻ റിച്ചാർഡ് ഇ ഗ്രാന്റ് തുടങ്ങിയ പൊതു വ്യക്തികൾ എന്നിവരും അതിഥികളായി ഉണ്ടായിരുന്നു. വിഗ്സ് ഫോർ ഹീറോസ്, ക്യാൻസർ ബാധിതരായ സ്ത്രീകളെ പിന്തുണയ്ക്കാൻ നൃത്തം ഉപയോഗിക്കുന്ന മൂവ് ഡാൻസ് ഫീൽ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രദർശനങ്ങളും ഉണ്ടായിരുന്നു.
Leave a Reply