താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .
1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാള്‍ക്കു വേണ്ടി മരിക്കാന്‍ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവര്‍ക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാര്‍മിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാല്‍ ഇല്ലാതാകുന്ന ധൈര്യമേ കിഷോര്‍ സത്യയ്ക്ക് ഉള്ളോ?
ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കില്‍ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നില്‍ക്കാന്‍ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോര്‍സത്യയ്ക്ക് അതില്‍. അടിവാരത്തിന്റെ സെറ്റില്‍വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകര്‍ന്ന അവസ്ഥയിലും. ഇരുവരും ദുഖിതരായിരുന്നു. സ്വന്തം സങ്കടങ്ങള്‍ക്കിടയിലും കിഷോര്‍ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തില്‍ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാന്‍ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോള്‍ സിനിമ എന്റെ താല്‍പ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.
അതുകൊണ്ടാണ് കിഷോര്‍ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയില്‍വച്ച് ഒരുദിവസം പോലും ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മതിയാരുന്നല്ലോ?എന്ന് ചോദിച്ചു അങ്ങനെ അയാള്‍ എന്നെ സ്വീകരിച്ചു ഞങ്ങള്‍ വിവാഹജീവിതം ആരംഭിച്ചു.
ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാന്‍ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാന്‍ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാര്‍ട്ട്‌മെന്റിലൂടെ ഞാന്‍ ഓടിയിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാന്‍ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗര്‍ഭപാത്രത്തില്‍ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാര്‍ജയില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോര്‍ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കില്‍ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോള്‍ ആ ജീവിനെ കൈവിടുമ്പോള്‍ അവര്‍ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?
കിഷോറിന്റെ കുടുംബത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിന് പറയാന്‍ ഇതിലും നല്ല എത്രയോ കാരണങ്ങള്‍ നിരത്താമായിരുന്നു. ഞാന്‍ മദ്യപിച്ച് നിരന്തരം ഫോണ്‍ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോണ്‍ചെയ്ത് ശല്യപ്പെടുത്താന്‍ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല. ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാന്‍ എന്തെങ്കിലും യന്ത്രം കിഷോര്‍സത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചില്ല. കിഷോര്‍സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല. എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാന്‍ യാതൊരു മടിയുമില്ലാതെ കള്ളങ്ങള്‍ കിഷോര്‍ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാല്‍ ചാര്‍മിള, ചാര്‍മിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍ ചാര്‍മിള പറഞ്ഞു.