തെലങ്കാനയിൽ രണ്ടു വന്‍കിട പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ കിറ്റെക്‌സ് ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചാണ് കിറ്റെക്സ് സംസ്ഥാനം വിട്ടതും. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു ഒരു ചടങ്ങിൽ കിറ്റെക്സിനെക്കുറിച്ചും കേരളത്തെക്കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

‘ഞാൻ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു.

എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി..’– രാമറാവു പറയുന്നു.

കിറ്റെക്‌സുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓരോ സംഭവങ്ങളും നിമിഷങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് രാമറാവു സംസാരിക്കുന്നത്. സന്ദർശനത്തിനു പിന്നാലെ വാറങ്കലിലെ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്സ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബുമാണ് ഹൈദരാബാദില്‍ കരാറില്‍ ഒപ്പിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒപ്പിടല്‍. വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയത്.

തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചു. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറീഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്.