കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നിയമനോട്ടീസ് അയച്ചു. ചാനൽ വ്യാജ വാർത്തകൾ നൽകി തന്നെ മന:പ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി. ‘ന്യൂസ് ചാനൽ കൈയിലുണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുത്’ എന്നും സാബു എം ജേക്കബ് പറഞ്ഞു.
റിപ്പോർട്ടർ ടിവി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കിറ്റക്സ് കയറ്റുമതി ചെയ്തുവെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വസ്തുതയും പരിശോധിക്കാതെയാണ് ചാനൽ വാർത്ത നൽകുന്നതെന്നും, ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.
ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് പുറത്തു വിടണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെറ്റായ വാർത്ത നൽകുന്ന ചാനലുകളെ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply