വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. എന്‍.വേണുവാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചുകൊണ്ടാണെന്ന് എന്‍.വേണു പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മർദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാർഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകര സീറ്റില്‍ കെ.കെ.രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞിരുന്നു. രമ സ്ഥാനാർഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തു.
ഇതിനുപിന്നാലെ രമയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമായി. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ഥാനാർഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എന്‍.വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെ.കെ.രമ തന്നെയായിരുന്നു സ്ഥാനാർഥി. എല്‍ഡിഎഫിന്റെ സി.കെ.നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
Leave a Reply