ജനനായകന് വിടചൊല്ലി കേരളം. പാലാ കത്തീഡ്രലിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കെ.എം. മാണിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയും മെത്രാന്‍മാരും കാര്‍മികത്വം വഹിച്ചു. സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം കെ.എം. മാണിയുടെ മൃതദേഹം പാലാ കത്തീഡ്രലിലേക്ക് വിലാപയാത്രയായി എത്തിച്ചു. സെമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മാണിയെ സംസ്കരിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പാണ് തങ്ങളുടെ പ്രിയ നേതാവിന് രാഷ്ട്രീയകേരളം നല്‍കിയത് . പാലായിൽ നിന്ന് കേരളമാകെ പടർന്നു പന്തലിച്ച ജനനായകനുള്ള യാത്രയയപ്പ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരവോടെയായിരുന്നു . മാണിയെ കാണാൻ പാലാ വന്നത് പതിയെയല്ല, കരിങ്ങോഴയക്കൽ വീട്ടിലേക്ക് കുത്തിയൊഴുകിയാണ്. പൊരിവെയിലിലും വരിനിന്നു കാണാൻ മാത്രം പ്രിയപ്പെട്ടയാൾ എന്ന് ജന്മനാട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും സാമുദായിക നേതാക്കളും വീട്ടിൽ എത്തി.

ഉച്ചയോടെ, വീട്ടിലെ പൊതുദർശനവും ശുശ്രുഷാ ചടങ്ങുകളും കഴിഞ്ഞു. ഭാര്യയും മക്കളും പേരക്കുട്ടികളും അന്ത്യചുംബനങ്ങൾ നൽകി . മൃതദേഹവുമായി കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. ഇവിടങ്ങളിലും ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെയും സിറോ മലബാർ സഭയിലെ മെത്രാന്മാരുടെയും കാർമികത്വത്തിൽ ആണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. പാലായിലെ ഈ മണ്ണായിരുന്നു കെ എം മാണിയുടെ എക്കാലത്തെയും ഊർജ്ജം. നിത്യനിദ്രയിലേക്ക് പോവുമ്പോഴും അദ്ദേഹത്തിന്റെ ഊർജസ്വലമായ രാഷ്ട്രീയ ഓർമകളാണ് കേരളത്തിനുള്ള ശേഷിപ്പ്

എ.ഐ സി.സി ജനറൽ സെക്രട്ടറിമാർ, ഭരണ പ്രതിപക്ഷ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ മത മേലധ്യക്ഷൻ മാർ തുടങ്ങിയവരും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി.