ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ ഇടുക്കി ഡാമിൽ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികൾ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയർത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കനത്ത മഴയോടൊപ്പം ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയതിനെ തുടർന്ന് ചെങ്കൽത്തോട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക ഒഴിയുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം വ്യാഴാഴ്ച വൈകിട്ട് വെള്ളം കയറിയിരുന്നു. ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഹജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു നടപടി.
ചെറുതോണിയിൽ നിന്നും ഇന്ന് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചെറുതോണിയിൽ ഇന്ന് പുലർച്ചെ വരെ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ രണ്ടു ഷട്ടറുകൾ കൂടി പുലർച്ചെ ഉയർത്തേണ്ടി വന്നു. മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം വരെ ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാതെ വന്നതോടെയാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്താൻ അധികൃതർ നിർബന്ധിതരായത്.
സെക്കൻഡിൽ ആറ് ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും ഒഴുകിപ്പോകുന്നത്. വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി. പാലത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാൻഡ് ചരിത്രമായി. ബസ് സ്റ്റാൻഡ് നിന്നിരുന്ന പ്രദേശം പൂർണമായും പുഴയെടുത്തു.
ഇതിനിടെ പരിസരത്ത് നിന്നിരുന്ന മരങ്ങളും കടപുഴകി വീണത് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാക്കി. പാലത്തിന് സമീപം ചില മരങ്ങൾ തങ്ങി നിന്നത് രക്ഷാപ്രവർത്തകർ വെട്ടിമാറ്റിയ ശേഷമാണ് അഞ്ചാം ഷട്ടർ തുറന്നത്.
അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണിയിലും പെരിയാറിന്‍റെ തീരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി-കട്ടപ്പന റൂട്ടിൽ വാഹനഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിക്ക് താഴേയ്ക്ക് വെള്ളമൊഴുകുന്ന പ്രദേശത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുഴയുടെ നൂറു മീറ്റർ പരിധിയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Reply