ബ്രഹ്മപുരം കൊച്ചിയെ വിഷമമയമാക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറിയിലെ തീപിടിത്തം കൊച്ചിയെ ശ്വാസം മുട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്.

വ്യാഴാഴ്ച വൈകീട്ടാണ് ബ്രഹ്മപുരത്ത് തീ പടർന്നത്. ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങ്ങിന് 54 കോടിയോളം ചെലവിൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിരുന്നു. ബയോമൈനിങ് പ്രവർത്തനങ്ങൾ അവിടെ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടർന്ന് നാലാം ദിവസമായ ഇന്നും തീ പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിങ് ജെ.സി.ബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്.

ആറ് മേഖലകളായി തിരിച്ചാണ് ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. നാലുമേഖലകളിലെ തീയണക്കാൻ അഗ്നിരക്ഷാ യൂണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യൂണിറ്റുകളും ഉപയോഗിച്ചാണ് പ്രവർത്തനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളും രംഗത്തുണ്ട്‌. ശനിയാഴ്ചയും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് തീ പടർന്നത് എന്നതിനാല്‍ വായു ആദ്യം തന്നെ മലിനമായി. തീ പടര്‍ന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ പടർന്നു. ഇരുമ്പനം ഭാഗത്തേക്കും കാറ്റ് വീശിയതോടെ അമ്പലമേട് ഭാഗത്തേക്കും പരന്നു. തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി.

ബ്രഹ്മപുരം, മേച്ചിറപ്പാട്ട്, കരിമുകൾ, ഇരുമ്പനം, ഏരൂർ, വൈറ്റില, ഹിൽപാലസ് തുടങ്ങി ജില്ലയിലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുകയും പ്ലാസ്റ്റിക്കിന്റെ കരിഞ്ഞ ഗന്ധവും ഉണ്ട്. ഈ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ട്, ഛർദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് നിരവധി പേർ ചികിത്സ തേടി. കൂടുതൽ പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന വിലയിരുത്തലിൽ സ്മോക്ക് ഐ.സി.യു. സ്ഥാപിക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട്. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. 2019-ലെ തീപിടിത്തത്തിൽ പുക ശ്വസിച്ച് ഇരുമ്പനത്ത് നിരവധിപ്പേർ ചികിത്സ തേടിയിരുന്നു.

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രഹ്മപുരത്ത് മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ കൊച്ചി കോർപറേഷന്റെ വീഴ്ച ദേശീയ ഹരിത ട്രിബ്യൂണൽ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.