Stampede എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം.

നിഖിതാ ഗാന്ധിയുടെ സംഗീതപരിപാടി കാണാനായി കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് താങ്ങാവുന്നതിലും അധികമാളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു.

ഐ.ഡി. കാര്‍ഡ് പരിശോധിച്ച് ‘ധിഷണ’യുടെ പ്രത്യേക ടീഷര്‍ട്ട് ധരിച്ചവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അകത്തേക്കും പുറത്തേക്കും പോകാന്‍ ആകെയുള്ള ഗെയിറ്റിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്കായിരുന്നു.

ഗെയിറ്റ് കഴിഞ്ഞാല്‍ ഉടന്‍ കുത്തനെ താഴോട്ടുള്ള പടിക്കെട്ടാണ്. ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഈ ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.

ആറേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചെറിയൊരു ചാറ്റല്‍ മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് കയറാനായി ഗെയിറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗെയിറ്റ് വഴി അകത്ത് കയറി പടിക്കെട്ടുകള്‍ ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിന്നില്‍ നിന്ന് ആളുകള്‍ വീഴാന്‍ തുടങ്ങി. പടിക്കെട്ടിലും പുറത്തുമായി വീണ് പോയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീണു. അടിയിലായിപ്പോയ വിദ്യാര്‍ഥികള്‍ ഇതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു. ചവിട്ടേറ്റും മറ്റും പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്.

ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു കാമ്പസ് ഓര്‍മയായി മാറേണ്ടിയിരുന്ന ആഘോഷരാവ് ദുന്തത്തിലേക്ക് വഴുതിമാറി. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേതനയറ്റ് കിടക്കുന്നു. മകനെയും മകളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന പ്രിയപ്പെട്ടവര്‍. നാടിന്റെയാകെ ചിരി മായ്ച്ച ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ ഉണ്ടായത്.

സന്തോഷം അവധിയെടുത്ത ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ ചേതനയറ്റ ശരീരമാണ് കുസാറ്റ് കാമ്പസിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ കണ്ടത്. പൊട്ടിക്കരയുന്നവരെയും കരച്ചിലടക്കാന്‍ പാടുപെടുന്നവരെയുമെല്ലാം അവിടെ കാണാമായിരുന്നു. മനുഷ്യരായി പിറന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന കാഴ്ചകള്‍… അന്ത്യയാത്രയ്ക്കായി മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോഴും വൈകാരികരംഗങ്ങള്‍ മാത്രം.

എന്നാല്‍ വൈകാരികതയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളിലേക്കാണ് കുസാറ്റ് ദുരന്തം വാതില്‍ തുറന്നിരിക്കുന്നത്. അപകടം എങ്ങനെ സംഭവിച്ചു, ആര്‍ക്കാണ് വീഴ്ച പറ്റിയത്, എങ്ങനെ തടയാമായിരുന്നു, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ മാത്രമേ മേല്‍പ്പറഞ്ഞ വൈകാരിക രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കൂ