കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂര്‍ കിരാലൂരിലെ ഒളിത്താവളത്തില്‍ നിന്ന് നാടകീയമായാണ് പൊലീസ് പിടികൂടിയത്. വിജനമായ പറമ്പുകളും പാടങ്ങളും കടന്ന് ഒളിച്ചോടിയ മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കൂടിയായിരുന്നു. മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഫ്ളാറ്റ് പീഢനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് സ്വന്തം നാടായ തൃശൂരില്‍തന്നെയുണ്ടെന്ന് കൊച്ചി, തൃശൂര്‍ പൊലീസ് സംഘങ്ങള്‍ക്കു വിവരം കിട്ടിയിരുന്നു. ഇതു തിരിച്ചറിഞ്ഞ ഉടനെ, പൊലീസ് സംഘം ആദ്യം ചെയ്തത് മാര്‍ട്ടിന്റെ ഒളിയിടം കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന നടത്തലായിരുന്നു. സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ മാര്‍ട്ടിനെ കണ്ടവരില്ല. അതേസമയം, നാടിന്റെ ചില വിജനമായ ഇടങ്ങളില്‍ മാര്‍ട്ടിന്റെ സാന്നിധ്യം കണ്ടു. ഇതിനിടെ, മാര്‍ട്ടിന്‍ ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്‍തുടര്‍ന്നു. അതിരാവിലെ തുടങ്ങിയ തിരച്ചില്‍ രാത്രിയും തുടര്‍ന്നു.
ഇടവേളകള്‍ ഇല്ലാതെ പൊലീസ് നടത്തിയ പരിശോധന അവസാനം വിജയം കണ്ടത് രാത്രി എട്ടരയോടെയായിരുന്നു. കിരാലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മാര്‍ട്ടിനെ കണ്ടു. പിന്നാലെ, പൊലീസും നാട്ടുകാരും ഓടി. മാര്‍ട്ടിനാകട്ടെ ഓട്ടം നിര്‍ത്തിയില്ല. ഇതിനിടെ, നാട്ടുകാരും പൊലീസും എതിര്‍ വശത്ത് കൂടെ എത്തി. ചുറ്റുപാടും വളഞ്ഞെന്ന് മനസിലായതോടെ മാര്‍ട്ടിന്റെ ഓട്ടത്തിന് വേഗം കുറഞ്ഞു.
പിന്നാലെ, പൊലീസിന്റെ പിടിവീണു. പ്രതിയെ പിടിച്ച ഉടനെ നാട്ടുകാരാകട്ടെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചതിലുള്ള നൊമ്പരമായിരുന്നു നാട്ടുകാരുടെ മനസില്‍. പൊലീസ് സമയോചിതമായി ഇടപ്പെട്ട് പ്രതിയെ വേഗം ജീപ്പില്‍ കയറ്റി നേരെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതിയെ പിടികൂടിയതിന്റെ നാടകീയത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Leave a Reply