ലണ്ടന്‍: വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരുടെ ദൗര്‍ലഭ്യം മൂലം അണ്ഡങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ നല്‍കുന്ന സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരില്ലാത്തതാണ് ഇപ്രകാരം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വലിയൊരു ഭൂരിപക്ഷം സ്ത്രീകള്‍ അറിയിച്ചത്. ജനസംഖ്യാപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസമുള്ള പുരുഷന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആഗോള തലത്തില്‍ നടത്തിയ പഠനമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നത്. മിക്ക രാജ്യങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ ഏറെയാണ്. വിദ്യാഭ്യാസമുള്ള പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിന് സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. യേല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ എട്ട് ക്ലിനിക്കുകളിലായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ നല്‍കിയ 150 സ്ത്രീകളുമായി അഭിമുഖങ്ങള്‍ നടത്തിയിരുന്നു. യോഗ്യരായ പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിനായി സ്ത്രീകള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെന്ന് പഠനം പറയുന്നു.

തങ്ങളുടെ കരിയറിന് പ്രാമുഖ്യം നല്‍കുന്ന സ്ത്രീകളാണ് അണ്ഡങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്ന ദുഷ്പ്രചരണമാണ് ഈ പഠനത്തിന്റെ ഫലം തെളിയിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ സ്ത്രീ പുരുഷ അനുപാതത്തില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നു. 1985ല്‍ 45 ശതമാനം പെണ്‍കുട്ടികളായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ 2000ല്‍ അത് 54 ശതമാനമായി ഉയര്‍ന്നു.