കൊച്ചി: പ്രളയത്തിനിടെ വെള്ളം കയറിയ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടം. വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇതോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള താത്ക്കാലിക സര്‍വീസുകള്‍ നിര്‍ത്തലാക്കും.
വെള്ളമിറങ്ങിയതിന് ശേഷം ഏതാണ്ട് എട്ട് ദിവസത്തോളം ആയിരത്തിലേറെ പേരാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.
വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി നിറഞ്ഞിരുന്നു. നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം കേടുപാട് സംഭവിച്ചവയില്‍പ്പെടും. 15നാണ് വിമാനത്താവളം അടച്ചത്. ആദ്യഘട്ടത്തില്‍ വേഗം തുറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയായിരുന്നു.
Leave a Reply