കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.
രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.
യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.
കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.
Leave a Reply