അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ആഢംബര ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.

2017ല്‍ റോഡ് വീതികൂട്ടല്‍ നിയമപ്രകാരം നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടികള്‍ ബിഎംസി ആരംഭിച്ചതായും ബംഗ്ലാവിന്റെ ഒരു ഭാഗം ഉടന്‍ തന്നെ പൊളിച്ചുനീക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബച്ചനെ കൂടാതെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയടക്കമുള്ള മറ്റ് ആറ് പേര്‍ക്ക് കൂടി ബിഎംസി 2017ല്‍ നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍, അതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കൗണ്‍സിലര്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡയാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്. പ്രശ്നത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നില്ലെന്നും മിറാന്‍ഡ ആരോപിച്ചു.

”നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് അതില്‍ നടപടിയെടുക്കാത്തത്, സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കില്‍ ബിഎംസി പെട്ടന്ന് തന്നെ ഏറ്റെടുക്കുമായിരുന്നു… നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കില്‍ റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ അവശ്യമില്ലെന്നും” കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

റോഡ് വീതികൂട്ടുന്നതിന് പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പദ്ധതിക്കാവശ്യമായ മറ്റ് പ്ലോട്ടുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു.

ബച്ചന്‍ ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവായ ഡോ. ഹരിവന്‍ഷ് റായ് ബച്ചന്‍, മാതാവായ തേജി ബച്ചന്‍ എന്നിവരോടൊപ്പം അദ്ദേഹം അവിടെ താമസിച്ചിരുന്നു. മകന്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം 2007ല്‍ നടന്നത് അവിടെ വച്ചായിരുന്നു.

ബച്ചന് പ്രതീക്ഷ എന്ന മാളിക കൂടാതെ മുംബൈയില്‍ ജല്‍സ, ജനക്, വത്സ തുടങ്ങിയ അഞ്ച് ബംഗ്ലാവുകള്‍ കൂടിയുണ്ട്. നഗരത്തിലെ മറ്റ് സമ്ബന്ന മേഖലകളിലായി നിരവധി ഫ്‌ളാറ്റുകളും, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫാം ഹൗസുകളുമുണ്ട്.