ശ്രീശാന്ത് വീണ്ടും കളത്തില്‍; നായകന്‍ ഇര്‍ഫാന്‍, എതിരാളി മിസ്ബാ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎലിലേക്കു തിരിച്ചുവരുന്നു

ശ്രീശാന്ത്  വീണ്ടും കളത്തില്‍; നായകന്‍ ഇര്‍ഫാന്‍, എതിരാളി മിസ്ബാ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎലിലേക്കു  തിരിച്ചുവരുന്നു
May 09 16:33 2017 Print This Article

ബിസിസിഐയുടെ ആജീവനനാന്ത വിലക്ക് നേരിടുന്ന മലയാളി താരം എസ് ശ്രീശാന്ത് വീണ്ടും പന്തെറിയാനൊരുങ്ങുന്നു. ഗള്‍ഫ് സ്‌പോട്‌സ് എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെസ്റ്റുവലിലാണ് ശ്രീശാന്ത് പന്തെറിയുന്നത്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ഇര്‍ഫാന്‍ ഈഗിള്‍സിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുക. പാക് താരം മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഫാല്‍ക്കണ്‍ ആണ് ഈഗിള്‍സിന്റെ എതിരാളി. ഈ മാസം 19ന് ബഹ്‌റൈന്‍ നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ബഹ്‌റൈന്‍ യൂത്ത് ആന്‍ സ്‌പോട്‌സ് അഫൈര്‍സ് മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരം. മത്സരത്തിന് ഐസിസിയുടെ അനുമതിയില്ലാത്തതിനാല്‍ മത്സരം തടയാന്‍ ബിസിസിഐ ശ്രമിച്ചേക്കില്ലെന്നാണ് സൂചന. നേരത്തെ സ്‌കോട്ടിഷ ലീഗില്‍ കളിക്കാന്‍ അനുമതിക്കായി ശ്രീശാന്ത് സമീപിച്ചപ്പോള്‍ ബിസിസിഐ എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

ശ്രീശാന്തിനെ കൂടാതെ, തിലകരത്‌ന ദില്‍ഷന്‍, മുഹമ്മദ് അഷ്‌റഫുള്‍, മാര്‍ലോണ്‍ സാമുവല്‍ തുടങ്ങിയവരാണ് ഇര്‍ഫാന്റെ ടീമിലെ പ്രധാന താരങ്ങള്‍. മിസ്ബാഹിന്റെ ടീമിലാകട്ടെ ഷാഹിദ് അഫ്രീദ്, സുഹൈല്‍ തന്‍വീര്‍, റാണാ നവീദ്, അബ്ദു റസാഖ് തുടങ്ങിയ പാക് താരങ്ങളാണ് അണിനിരക്കുക.

കൂടാതെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തകൂടി ഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സ് ലീഗിലേക്ക് തിരിച്ചുവരാനുളള സാധ്യതയേറുന്നു. ആര്‍ബിട്രേറ്റര്‍ വിധി പ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 1080 കോടി രൂപ നല്‍കേണ്ടി വരുന്നതാണ് ബിസിസിഐയെ കൊച്ചി ടീമിനെ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണം.

കൊച്ചി ടസ്‌ക്കേഴ്‌സ് അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ആര്‍ബിട്രേറ്റര്‍ വിധിക്കെതിരെ അപ്പീലിന് പോകുകയോ, കോടതിയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയോ ആണ് ബിസിസിഐയ്ക്ക് മുന്നിലുളള രണ്ട് വഴികള്‍. ഇതില്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെങ്കിലാണ് ടസ്‌ക്കേഴ്‌സിന്റെ തിരിച്ചുവരവ് സാധ്യത നിലനില്‍ക്കുന്നത്. അപ്പീലിന് പോയാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരമയാ കൊടുക്കേണ്ടി വന്നേക്കുമെന്ന ഭയവും ബിസിസിഐ അധികൃതര്‍ക്കുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് 2011ല്‍ കൊച്ചി ടസ്‌ക്കേഴ്‌സിനെ ബിസിസിഐ കാരാറില്‍ നിന്നും പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്‌സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്.

റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍ സോര്‍ഷ്യമായാണ് കൊച്ചി ടസക്കേഴ്‌സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്.

2011 സീസണില്‍ കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്‍ കളിച്ചെങ്കിലും ആറ് മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. മഹേല ജയവര്‍ധയായിരുന്നു ടീമിന്റെ നായകന്‍.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles