ലിവര്‍പൂള്‍:  പുതുവർഷ തലേന്ന് ( ഇന്നലെ, 31/12/2019) മരണം തട്ടിയെടുത്ത ലിവര്‍പൂളിലെ മലയാളി നഴ്‌സിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞാജലി അര്‍പ്പിച്ച് യുകെ മലയാളി സമൂഹം. ഇന്നലെ രാവിലെ 8:20 ന് പാലാ സ്വദേശിനിയായ കൊച്ചു റാണി (54)  മരണത്തിനു കീഴടങ്ങിയത്. ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.

തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.

ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.

ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.

പരേതയുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ലിവർപൂളിലെ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.

പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിയതിയും മറ്റുകാര്യങ്ങളും പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കുകയുള്ളു. യുകെയിലെ ചെയ്‌തു തീരേണ്ട ആധികാരിക രേഖകൾ തയ്യാർ ചെയ്യേണ്ടത് ഉള്ളതുകൊണ്ടാണ് അറിയിക്കാൻ സാധിക്കാത്തത്.

പുതുവര്‍ഷത്തെ വരവേല്‍ക്കവേയാണ് ജീവിതം എന്നത് ‘ഇന്ന് ഞാൻ നാളെ നീ’ എന്ന് ഓര്‍മ്മപ്പെടുത്തി കൊച്ചുറാണി യുകെയിലെ പ്രവാസി മലയാളികളുടെ ഓര്‍മ്മയായി പരിണമിക്കുന്നത്.