താൻ പൂർണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വീണ്ടും പൂർണ സമയ രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്.
വീണ്ടും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാർട്ടി തനിക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാർട്ടിയുടെ ദെെനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി നേതാക്കളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.
ക്യാൻസർ ബാധിതനായിരുന്ന കോടിയേരി അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു. അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോടിയേരി ചികിത്സ തുടർന്നു.
വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓൺലെെനായി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ കോടിയേരിക്കു കീഴിൽ പാർട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
Leave a Reply