സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കാന്‍സറിനെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
Leave a Reply