തിരുവനന്തപുരം: പിണറായി വിജനയന് മറുപടിയുമായെത്തി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഇടതു നേതാക്കള്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായഭിന്നത പുറത്തു പറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തും. കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അവ പ്രചരിപ്പിക്കുന്ന തരത്തില്‍ വലുതല്ല. പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. കസ്റ്റഡിയില്‍ എടുത്ത് കൊലപ്പെടുത്തുന്നതിനെയാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ വ്യാജ ഏറ്റുമുട്ടലാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തിരിച്ചടിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ നക്സല്‍ വര്‍ഗീസിനെ പൊലീസ് പിടികൂടി കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊന്നത് പോലൊരു സംഭവമല്ല നിലമ്പൂരില്‍ നടന്നത്.
യുഎപിഎ നിയമം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സമയത്ത് ഇത് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. അന്നും ഇന്നും യുഎപിഎക്ക് എതിരാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.
യുഎപിഎ ദുരുപയോഗപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചതാണ്. നിയമം എടുത്തു കളയണമമെന്നാണ് സിപിഎം നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് യാതൊരുവിധ വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട. തീരുമാനങ്ങള്‍ താമസമില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
നക്സല്‍ വര്‍ഗീസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎം തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വര്‍ഗീസിനെ മോശക്കാരനായ സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇക്കാര്യത്തില്‍ സിപിഐ നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേയും. രണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ല.
ജിഷ്ണുവിന്റെ അമ്മ മഹിജക്ക് പരാതിയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആയിരുന്നു ആദ്യം വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം നടത്തുകയല്ല വേണ്ടിയിരുന്നത്. ആ സമരം മറ്റൊരു തലത്തിലേക്കാണ് പോയതെന്നും കോടിയേരി പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സര്‍ക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. കാനം രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഓരോന്നായി മറുപടി പറഞ്ഞുകൊണ്ടായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനം. രണ്ടു മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സിപിഐ എന്നും തങ്ങളേക്കാള്‍ അനുഭവ സമ്പത്ത് കാണുമെന്ന് പരിഹസിക്കാനും കോടിയേരി മറന്നില്ല.
Leave a Reply