തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരായി ദുബായില്‍ ഉയര്‍ന്ന തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നില്‍ പ്രതികാര നടപടിയാണോയെന്നത് കേരള നേതൃത്വത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഉന്നതനായ നേതാവിന്റെ പ്രതികാരമാണോ ഇതെന്നാണ് സംസ്ഥാന നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്ന പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വാര്‍ത്ത വന്നതാണ് നേതാക്കളില്‍ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കേരള ഘടകമാണെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട്വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.
പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോയെ കമ്പനി. എന്നാല്‍, പി.ബിയുടെ മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും ആരോപണം സത്യമാണെന്ന് രഹസ്യമായെങ്കിലും നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. കമ്പനി പരാതിയുമായി പി.ബിയെ നേരിട്ട് സമീപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിലെ പല നേതാക്കളും അസ്വസ്ഥരാണ്.
കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആരും തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനെതിരെ നടപടി എടുത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്.
ബിനോയ് കോടിയേരി കോടതിയില്‍ ഹാജരാകുകയോ പണം തിരികെ നല്‍കണമെന്നോ വേണമെന്നാണ് കമ്പനിയുടെ നിലപാട്. അല്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചാലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
Leave a Reply