കൊൽക്കത്ത മുൻ പൊലീസ് തലവൻ രാജീവ് കുമാർ കോടതിയിൽ കീഴടങ്ങി. തനിക്കെതിരായ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു ശേഷമാണ് ശാരദാ ചിറ്റ് ഫണ്ട് കേസിൽ സിബിഐ തേടുന്ന രാജീവ് കുമാറിന്റെ കീഴടങ്ങൽ. കോടതി ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ രാജീവ് കുമാർ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അഡീഷണൽ ഡയറക്ടർ ജനറലാണ്. മമതാ ബാനർജിയുടെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥ സുഹൃത്തുക്കളിലൊരാളായിട്ടാണ് രാജീവ് കുമാർ അറിയപ്പെടുന്നത്.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐയുടെ ആരോപണം. അറസ്റ്റ് ചെയ്യാനുള്ള സിബിഐ സമൻസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവ് കുമാറിന് സിബിഐ പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ സന്ദർഭങ്ങളിലൊന്നും രാജീവ് കുമാർ ഹാജരാകുകയുണ്ടായില്ല. തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്നായിരുന്നു രാജീവ് കുമാറിന്റെ ആവശ്യം.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. സിബിഐ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടനെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. 48 മണിക്കൂറിന്റെ നോട്ടീസ് നൽകി രാജീവ് കുമാറിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും കോടതി നിർദ്ദേശം നൽകി.

കഴിഞ്ഞ മെയ് മാസത്തിൽ ശാരദാ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം, തനിക്ക് ലഭിച്ചിരുന്ന അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കോടതി നീക്കിയതിനു പിന്നാലെ രാജീവ് കുമാറിനെ കാണാതായിരുന്നു.