കൊൽക്കത്ത: വിലക്കും വിവാദങ്ങളും ഫോമിനെ ബാധിക്കില്ലെന്ന് തെളിയിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത വാർണറിൻെറ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 182 റൺസ് വിജയലക്ഷ്യമുയർത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ആരാധകർക്കായി കാത്തിരുന്നത് വാർണറിൻെറ തകർപ്പൻ പ്രകടനമായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്കിന് ശേഷം ക്രീസിലെത്തിയ വാർണർ ഐ.പി.എല്ലിലെ 40–ാം അർധസെഞ്ചുറി കുറിച്ചു. 53 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 85 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയ്ക്കൊപ്പം വാർണർ സെഞ്ചുറി കൂട്ടുകെട്ട് (118) പടുത്തുയർത്തി.
അവസാന ഓവറുകളിൽ കൊൽക്കത്തക്ക് തിളങ്ങാൻ കഴിഞ്ഞില്ല. 11–ാം ഓവറിൽ 100 റൺസ് പിന്നിട്ട സൺറൈസേഴ്സിന് അവസാന അഞ്ച് ഓവറിൽ ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ 47 റൺസ് മാത്രമാണ് നേടാനായത്. വിജയ് ശങ്കറും (24 പന്തിൽ പുറത്താകാതെ 40) മികച്ച പ്രകടനം പുറത്തെടുത്തു.
Leave a Reply