കടയിൽ നിന്നു പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയ കൊത്തുപൊറോട്ടയിൽ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാർഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തി. പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം വാറുപുരയിടത്തിൽ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ഇതിൽ പാമ്പിന്റെ തല കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കൾ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ വെജിറ്റെറിയൻ ഭക്ഷണശാലയിൽ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മീൻ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവർ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.
ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മുരളിയുടെ നേതൃത്വത്തിൽ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി. കോളിഫ്ലവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നോട്ടിസ് നൽകുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
Leave a Reply