കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.
2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂരജ് പൊലീസിന് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.
”
Leave a Reply