കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു. തന്റെ ആദ്യഭാര്യയായ സിലിയെയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനെയും കൊലപ്പെടുത്താൻ താൻ സാഹചര്യമൊരുക്കി നൽകിയെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മുമ്പാകെ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
തന്റെ അറിവോടെയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. ജോളിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ജോളിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്തതിനെ തുടർന്ന് ആദ്യം കുഞ്ഞിനെയും പിന്നീട് സിലിയെയും കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ഷാജു പറഞ്ഞു.
പനമരത്തെ വിവാഹ ചടങ്ങിൽവെച്ചാണ് കൊലപാതകം നടത്താനുള്ള തീരുമാനമെടുത്തത്. എന്നാൽ മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടെങ്കിലും ഇതിനെ താൻ എതിർത്തു. മകനെ തന്റെ അച്ഛനും അമ്മയും നോക്കുമെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഷാജു മൊഴി നൽകി.
അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷാജു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, കേസിന്റെ തുടക്കം മുതൽ ഷാജു പോലീസിനെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു പോലീസ്. ഇതിനു പുറമേ ജോളി ഷാജുവിനെതിരേ നിർണായക മൊഴി നൽകുകയും ചെയ്തു.
ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഷാജുവിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഷാജുവിന്റെ പിതാവ് സക്കറിയയെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്.
Leave a Reply