തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി ഡിജിപി എ.ഹേമചന്ദ്രന്‍. പോലീസ് മേധാവിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തിലാണ് ഹേമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എസ്പിമാരായ റെജി ജേക്കബ്, വി.അജിത്, കെ.എസ്. സുദര്‍ശന്‍, ഡിവൈഎസ്പി ജെയ്സണ്‍ കെ. എബ്രഹാം എന്നിവരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ചുമതല തനിക്കായിരുന്നു. മറ്റ് നാല്‌പേരെ താനാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടിക്കെതിരായുള്ള കത്ത് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ പ്രത്യേക ദൂതന്‍ വഴിയാണ് എത്തിച്ചത്. തുടര്‍നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കുകയായിരുന്നു.