താമരശ്ശേരി കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള 6 പേരുടെ മരണവും കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണസംഘം.പതിനേഴ് വർ‌ഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകൾക്കാണ് കൂടത്തായിയിൽ ഉത്തരം കിട്ടേണ്ടത്. 2002 ഓഗസ്റ്റ് 22ന് സംഭവിച്ച ആദ്യമരണത്തിൽ തുടങ്ങി തുടർച്ചയായി ആറ് മരണങ്ങൾ. ആറും അടുത്ത ബന്ധുക്കള്‍. സയനൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നാണു സംശയം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി. മരിച്ചവരുടെ ബന്ധുവായ ഇയാൾ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു.

മരിച്ച 6 പേരെയും സംസ്കരിച്ച കല്ലറകൾ തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെ പൊലീസും ഫൊറൻസിക് വിദഗ്ധരും ശേഖരിച്ചു. ഇവ കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയും വിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനയുമാണ് നടത്തുക. പരിശോധനഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കും.

2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.

ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം. ഇതിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോം തോമസിന്റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.

ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളുടെയും ദുരൂഹതകൾ ചുരുളഴിഞ്ഞത്.

മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.

മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. വിവിധ ഘട്ടങ്ങളിൽ ഇവരെ സഹായിച്ചവരെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റിലേക്കു നീങ്ങാനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.