കൂടത്തായി കൊലപാതക പരമ്പര; ജോളിയെ പറ്റി നിന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാർട്ടി പുറത്താക്കി, ലീഗ് നേതാവും കുടുങ്ങും….

കൂടത്തായി കൊലപാതക പരമ്പര; ജോളിയെ പറ്റി നിന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാർട്ടി പുറത്താക്കി, ലീഗ് നേതാവും കുടുങ്ങും….
October 08 04:16 2019 Print This Article

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.അതേസമയം കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്.  ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു.

സംശയ മുനകൾ തന്നിലേയ്ക്ക് തന്നെയാണ് വരുന്നതെന്ന് മനസിലാക്കിയ കൂട്ടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോർജ് കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങിയതായി അന്വേഷണ സംഘം. താമരശ്ശേരി കൂടത്തായി റോയി തോമസ്സിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുമ്പ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ഹരിദാസിന്റെ സംഘം പുനഃരന്വേഷണം തുടങ്ങുന്നത്. 2011ലായിരുന്നു ഈ മരണം. സംഭവം നടന്ന കാലത്തെ പ്രാഥമിക നിഗമനം മരണത്തില്‍ സംശയമില്ലെന്നായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് അകത്തു ചെന്നാണ് മരണമെന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ആത്മഹത്യയെന്ന അനുമാനത്തില്‍ തുടരന്വേഷണം നടക്കുകയുണ്ടായില്ല. തുടർന്ന് രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നതോടെയായിരുന്നു അന്വേഷണം പുനഃരാരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ് ജോളി കട്ടപ്പനയിലേയ്ക്ക് കടക്കുന്നതിൽ നിന്നും പിന്‍വാങ്ങിയത്. കല്ലറ പൊളിച്ചുള്ള പരിശോ‌ധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യതയും ചര്‍ച്ച ചെയ്തിരുന്നു.

പല വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റിപ്പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ജോളിയെ അവിശ്വസിക്കുന്നതായി ഭാവിച്ചില്ല. കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പ് കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായിയില്‍ തുടരാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ദേശം. ഇതോടെയാണ് ജോളിക്ക് അന്വേഷണം തന്നിലേക്കടുക്കുന്നുവെന്ന സംശയം ബലപ്പെട്ടത്. തനിക്ക് നേരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുന്നതിന് ഭാഗമായിട്ടായിരുന്നു വിശ്വസ്തനായ ലീഗ് നേതാവിനും സുഹൃത്തിനുമൊപ്പം ജോളിയുടെ അടുത്ത വീട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാമ്പത്തികമായും ആളായും സഹായിക്കാമെന്ന് പലരും അറിയിച്ചിരുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകള്‍ ജോളിയെ നിരാശയിലാക്കുകയായിരുന്നു.

ലാപ്ടോപ്പും മറ്റ് രേഖകളുമായി ബന്ധുവീട്ടിലേക്ക് മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. ഇനി രക്ഷപെടാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടുകൂടിയായിരുന്നു വിശ്വസ്തർക്കൊപ്പം ജോളി കൂടിയാലോചനകൾ നടത്തിയത്.

പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles