കൂടത്തായി പൊന്നമാറ്റം വീട്ടിൽ ജോളിയുമായി രാത്രിയിൽ തെളിവെടുപ്പ്; അടുക്കളയിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തി

കൂടത്തായി പൊന്നമാറ്റം വീട്ടിൽ ജോളിയുമായി രാത്രിയിൽ തെളിവെടുപ്പ്; അടുക്കളയിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തി
October 15 02:25 2019 Print This Article

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.

കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles