കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് നാട്ടുകാർ. റോയിയുടെ മരണത്തിൽ കേസെടുത്തെങ്കിലും പൊലീസ് ഇടപെടൽ ഫലപ്രദമായിരുന്നില്ലെന്നാണ് ആക്ഷേപം. കൊലപാതക പരമ്പരയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

ആസൂത്രിത കൊലപാതകം മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. വിഷം ഉള്ളിൽച്ചെന്ന് റോയി മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയുൾപ്പെടെ സമഗ്ര അന്വേഷണം വേണം. ഫലപ്രദമായി പൊലീസ് ഇടപെട്ടിരുന്നെങ്കിൽ പിന്നീടുണ്ടായ മൂന്ന് മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. ബോധപൂർവമാണ് ജോളി അടുത്തുള്ളവരെ പൊന്നാമറ്റം വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. ദുരൂഹ മരണങ്ങളുടെ കെട്ടഴിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് വീട്ടിൽ കഴിയുന്നതെന്നും നാട്ടുകാർ.

ജോളിയുടെ സൗഹൃദ ബലമാണ് ആറു മരണങ്ങളും ഹൃദയാഘാതമെന്ന നിലയിലേക്ക് പ്രചരിക്കാനിടയാക്കിയതെന്നും സംശയങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.

ജോളിയുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നു. പൊലീസ് ഇന്നലെ 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളിൽ സഹായിച്ച പ്രാദേശിക നേതാവിൽനിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ചവരെയും ഭർതൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോൾ നടത്തിയ വസ്തുവിൽപനയിൽ ഇടനില നിന്നവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും അകത്തുനിന്നു പൂട്ടിയ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനാൽ ആത്മഹത്യയെന്നു ബന്ധുക്കൾ കരുതി. അയൽവാസികളെത്തി ശുചിമുറി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും പൊലീസ് ഇതിന്റെ ഉറവിടം അന്വേഷിച്ചില്ല. ഇതിനായി ജോളി ഉന്നതതല സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണു നിഗമനം.

ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിലും അന്വേഷണസംഘത്തിനു ചില സംശയങ്ങളുണ്ട്. സംഭവദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ജോളിക്കു നേരത്തേ അറിയാമായിരുന്നു. കൊലപാതകം അതനുസരിച്ച് ആസൂത്രണം ചെയ്തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തിൽ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ച 6 പേരുടെയും കല്ലറ പരിശോധിക്കുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം സെമിത്തേരിയിലുണ്ടായിരുന്നു. ഈ സമയം അടുത്ത സുഹൃത്തുമായി കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു ജോളിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുൻപു വീടിനു പുറത്തുപോയ ജോളി ഒരു പ്രാദേശിക നേതാവുമായി ചർച്ച നടത്തിയതും പരിശോധിക്കുന്നു.

വ്യാജ ഒസ്യത്ത് തയാറാക്കാൻ രാഷ്ട്രീയക്കാരുടെയും സ്വത്ത് റജിസ്റ്റർ ചെയ്യാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥയുടെയും സഹായം ജോളിക്കു ലഭിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ബന്ധു എം.എസ്. മാത്യുവിനു പുറമേ മറ്റൊരാളും സ്ഥിരമായി ജോളിയുടെ വീട്ടിലെത്തിയിരുന്നെന്ന റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ വെളിപ്പെടുത്തലും പരിശോധിക്കുന്നു.

മരണങ്ങളെക്കുറിച്ച് സംശയമുള്ളതിനെത്തുടർന്നാണ് താനും സഹോദരൻ റോജോയും ജൂലൈയിൽ പൊലീസിൽ പരാതി നൽകിയതെന്ന് രഞ്ജി പറഞ്ഞു. കുടുംബവുമായി അടുപ്പമുള്ള ചിലർക്കു മരണങ്ങൾ സംബന്ധിച്ച് നേരിയ സൂചനകളും സംശയങ്ങളും ഉണ്ടായിരുന്നതായി രണ്ടു മാസം നീണ്ട അന്വേഷണത്തിനിടെ പൊലീസിനു മനസ്സിലായിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വീട് പൊലീസ് മുദ്ര വച്ചിരിക്കുകയാണ്.

‘വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്തിനു പുറമേ ബാക്കി സ്വത്തിലും അവകാശം ഉന്നയിച്ചതോടെയാണു ജോളിയെക്കുറിച്ച് സംശയം തോന്നിയത്. ഇതോടെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.’

‘കൊലപാതകങ്ങൾ അമ്മയ്ക്ക് (ജോളി) ഒറ്റയ്ക്കു ചെയ്യാനാവില്ല. മറ്റു ചിലർ സഹായിച്ചതായി സംശയമുണ്ട്. ഇതിൽ ഉൾപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമുണ്ട്.’ ജോളിയുടെ മകൾ പറഞ്ഞു