ഷിജോ ഇലഞ്ഞിക്കൽ
കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…
ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.
അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.
കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.
പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.
കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,
നീ കുളിച്ചുകയറിവരുവോളം കരയ്ക്ക് ഊരിവച്ച നിന്റെ നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.
സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക് നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.
വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: “പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ “.
“എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് “: അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.
“ഉണ്ണീ വാ…കയറീട്ട് പോകാം…ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം”: അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.
“വേണ്ടമ്മേ… ഞാൻ നാളെവരാം”.
ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ…തേർഡ് ഗിയർ…ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി…
“ഛെ…എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് “: ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.
“ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. “ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു.”
മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:
ഉണ്ണീ… വാ കളിക്കാൻ പോകാം…
Leave a Reply