സോള്‍ ഉത്തരകൊറിയയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ദക്ഷിണ കൊറിയ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ ഐക്യ രാഷ്ട്രസംഘടന. ഉത്തരകൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും ചുമതല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണകൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തരകൊറിയയിലെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദ.കൊറിയയുടെ വാദം. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു. 12 പെണ്‍കുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎന്‍ അന്വേഷകന്‍ തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തങ്ങളുടെ രാജ്യത്തെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണകൊറിയയ്‌ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്ന് ദ.കൊറിയ പറയുന്നു. 2011ല്‍ കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം വന്‍തോതിലാണ് ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയക്കാര്‍ പലായനം ചെയ്തത്.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉത്തരകൊറിയ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ–ഇന്‍ പറഞ്ഞു. ചില ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കെതിരെ ചൈന അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള സുരക്ഷാഭീഷണി നേരിടാന്‍ യുഎസിന്റെ നേതൃത്വത്തില്‍ മിസൈല്‍ പ്രതിരോധസംവിധാനം അതിര്‍ത്തിയില്‍ സ്ഥാപിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. മിസൈല്‍ പ്രതിരോധം തങ്ങളുടെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പക്ഷം.
ഉത്തരകൊറിയയുടെ ആണവഭീഷണിക്കൊപ്പം ചൈനയുമൊത്ത് അസ്വസ്ഥതകള്‍ പുകയുന്ന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യവും മൂണ്‍ ജെയുടെ ചൈനീസ് സന്ദര്‍ശനത്തിലുണ്ട്. യുഎസും ജപ്പാനുമൊത്ത് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ ഉത്തരകൊറിയന്‍ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കെങ്കിലും തുടക്കമിടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. ഇതാകട്ടെ യുഎസും ദ.കൊറിയയും തുടര്‍ച്ചയായി നിരസിക്കുകയാണ്.
Leave a Reply