കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയം. തുടർന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയവർ കണ്ടത് തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് ഒരു നാടിനെ രണ്ട് ദിവസം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്‍റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങൾ. മണിക്കൂറുകളോളം നിരവധി പൊലീസുകാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംശയം ആദ്യം പള്ളി കമ്മിറ്റിയിലേക്കും പിന്നാലെ പൊലീസിലേക്കും പടർന്നു. സംഭവമറിഞ്ഞ് നാടാകെ ഓടിയെത്തി. ഒടുവിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക! . അറബി അക്ഷരത്തിൽ ചിലതെല്ലാം വെള്ളരിക്കയിൽ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്.