കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.
മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ് അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.
ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.
കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.
Leave a Reply