കോട്ടയം കുഞ്ഞച്ചന്‍-2 ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഉപേക്ഷിച്ചു. ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. കോട്ടയം കുഞ്ഞച്ചന്‍-2 ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു അറിയിച്ചു. കോട്ടയം പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുമെന്ന് വിജയ്ബാബു പറഞ്ഞു.
സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും തങ്ങളുമായി നടത്തിയിട്ടില്ലെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും വ്യക്തമാക്കി. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്തോളൂ എന്നായിരുന്നു സംവിധായകന്‍ സുരേഷ് ബാബു പ്രതികരിച്ചത്.
ആദ്യ ഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങുന്ന കാര്യം മമ്മൂട്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
Leave a Reply