കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് അറുപതുകാരിയായ ഷീബ കൊലപ്പെട്ടതിനു പിന്നില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാമെന്ന നിഗമനത്തില്‍ പോലീസ്. ഷീബയുടെ ഭര്‍ത്താവ് സാലിക്ക് പണമിടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം പലിശയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് സാലിക്ക് ഉണ്ടായിരുന്നതായാണ് സംശയം. ഇതുവഴിയുണ്ടായിരിക്കുന്ന സാമ്പത്തിക തര്‍ക്കമാണോ കൊലപാതകത്തിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ദമ്പതികളുടെ വീടിരിക്കുന്ന പ്രദേശം കേന്ദ്രീകരിച്ച് സ്ഥലമിടപാട് നടത്തുന്നവരേയും പണം പലിശയ്ക്ക് നല്‍കുന്നവരേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു വരുന്നുണ്ട്.
അതേസമയം കൊലപാതകം നടത്തിയ രീതിയാണ് വ്യക്തിവൈരാഗ്യമാണോ ഇതിനു പിന്നിലെന്ന സംശയത്തിന് കാരണം. തലയില്‍ ശക്തമായ പ്രഹരമാണ് സാലിക്കും ഷീബയ്ക്കും ഏറ്റത്. ഷീബയുടെ മരണ കാരണവും തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദമ്പതികളുടെ കൈകാലുകള്‍ വൈദ്യുതി വയര്‍ കൊണ്ട് ബന്ധിച്ചിരുന്നു. എന്നാല്‍ ഷീബയെ ഷോക്കടിപ്പിച്ചിരുന്നു എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വൈദ്യുതി പ്രവഹിപ്പിച്ചതും അടുക്കളയില്‍ നിന്നും ഗ്യാസ് സിലണ്ടര്‍ സ്വീകരണ മുറിയില്‍ കൊണ്ടുവന്നുവച്ച് തുറന്നു വിട്ടതും മരണം ഉറപ്പിക്കാനാണോ തെളിവ് നശിപ്പിക്കാനാണോ എന്ന കാര്യത്തിലാണ് സംശയം.
യഥാര്‍ത്ഥ മോഷണമോ, അതോ വഴി തെറ്റിക്കാന്‍ വേണ്ടി നടത്തിയതോ?
ഷീബയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാണ് മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമായി ഇതിനെ സംശയിക്കാന്‍ പോലീസിനുള്ള കാരണം. ഷീബയുടെ മാല, കമ്മല്‍, അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ എന്നിവ കാണാതെ പോയിട്ടുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരാണ് ഷീബ-സാലി ദമ്പതികള്‍. ഇവരുടെ കൈവശം പണവും ആഭരണങ്ങളും ഉണ്ടായിരിക്കുമെന്ന ഉറപ്പില്‍ മോഷ്ടാക്കള്‍ എത്തിയതാകാമെന്നും കരുതുന്നു. ഇവരെ നിരീക്ഷിച്ചു വന്നതിനുശേഷം നടത്തിയ മോഷണമോ, അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പരിചയം സ്ഥാപിച്ച ശേഷം നടത്തിയ മോഷണമോ ആകാമെന്നും മോഷണ ശ്രമം തടയുന്നതിനിടയില്‍ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നും കരുതാനുള്ള സാഹചര്യവും ഈ കൊലയ്ക്ക് പിന്നില്‍ പൊലീസ് കാണുന്നുണ്ട്.
കൊന്നത് ക്രൂരമായി
ഷീബയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വച്ച് ക്രൂരമായ രീതിയില്‍ തന്നെയാണ് ഷീബയെ കൊലപ്പെടുത്തിയിരിക്കുന്നത്. ശക്തമായ അടിയില്‍ ഷീബയുടെ തലയോട്ടി തകര്‍ന്നു പോയിരുന്നു. ചെറുതെങ്കിലും ശരീരത്തിന്റെ പല ഭാഗത്തുമുള്ള മുറിവുകള്‍ മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളായാണ് കാണുന്നത്. ഷീബയുടെ കൈകളില്‍ വയര്‍ കെട്ടിവച്ചിരുന്നു.ഈ വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ കണക്ട് ചെയ്തിരുന്നു. എന്നാല്‍ വൈദ്യുതാഘാതം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷേ, വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ തലയ്ക്കടിച്ചതാകാനും സാധ്യതയുണ്ട്.
നിലവിലെ സാഹചര്യതെളിവുകള്‍ പരിശോധിക്കുമ്പോള്‍ സാലി-ഷീബ ദമ്പതികള്‍ക്ക് പരിചയമുള്ളവരാരോ ആയിരിക്കാം കൊലപാതകി എന്നൊരു സംശയം പൊലീസിനുണ്ട്. വീടിനകത്ത് അതിക്രമിച്ച് കടന്ന് നടത്തിയിരിക്കുന്ന അക്രമം അല്ല നടന്നിരിക്കുന്നത്. സാലിയോ ഷീബയോ വാതില്‍ തുറന്നു കൊടുത്തിട്ടാണ് കൊലയാളി അകത്ത് കയറിയിരിക്കുന്നത്. സ്വീകരണ മുറിയില്‍ ഒരു ഗ്ലാസ് പൊട്ടിക്കിടക്കുന്നുണ്ട്. വന്നയാള്‍ക്ക് ചായയോ മറ്റോ കൊണ്ടു വന്നതിന്റെ തെളിവായിട്ടാണ് ഇതിനെ പോലീസ് കാണുന്നത്. സാലിയും ഷീബയും ആ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന് അറിയാവുന്ന ഒരാള്‍ ആയിരിക്കണം അക്രമി. രാവിലെ പത്തു മണിക്കു മുമ്പായാണ് കൊലപാതകം നടന്നിരിക്കുന്നത്. അടുത്തടുത്തായി ധാരാളം വീടുകള്‍ ഉള്ള പ്രദേശമാണ് പാറപ്പാടം. അങ്ങനെയുള്ളൊരിടത്ത് രാവിലെ പത്തു മണിക്കു മുമ്പ് ഇത്തരത്തിലുള്ള അതിക്രമം കാണിക്കമെങ്കില്‍ മോഷണശ്രമം ആണെങ്കില്‍ കൂടി ആ വീടിനെക്കുറിച്ച് വ്യക്തമായ വിവരമുള്ള ഒരാള്‍ തന്നെയായിരിക്കണം.
അപ്രതീക്ഷിതമായ ആക്രമണം ആയിരിക്കാനുള്ള സാധ്യത വിരല്‍ ചൂണ്ടുന്നത് രണ്ടു പേരെ അക്രമിച്ചിട്ടും ഒരാളുടെ പോലും നിലവിളി ശബ്ദം പോലും പുറത്തുകേട്ടില്ല എന്നതിലാണ്. അക്രമത്തിനു മുമ്പ് പ്രതി തന്നെ പ്രധാന വാതില്‍ അടച്ചിരിക്കാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് പരിചയമുള്ള ഒരാള്‍, അത് ബന്ധുവോ, പണമിടപാടുമായി ബന്ധമുള്ള ആരെങ്കിലുമോ വന്നപ്പോള്‍ ഷീബയോ സാലിയോ തന്നെയാകാം വാതില്‍ അടച്ചിരിക്കുക. അവരൊരിക്കലും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചും കാണില്ല. ഇതിനെല്ലാം പുറമെ നടന്നിരിക്കുന്നത് ക്വട്ടേഷന്‍ കൊടുത്തുള്ള ആക്രമണമാണോ എന്നൊരു സംശയവും പൊലസിന് ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആള്‍ സാന്നിധ്യമുള്ളൊരിടത്ത് ഇത്രയ്ക്ക് ആസൂത്രീതമായ ഒരു കൊലപാതകം നടത്തിയിരിക്കുന്നതാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടാനുള്ള കാരണം. അപ്രതീക്ഷിതമായ ആക്രമണവും ഗ്യാസ് സിലണ്ടര്‍ തുറന്നു വച്ചതും വൈദ്യുതി വയറുകള്‍ കൊണ്ട് ശരീരം ബന്ധിച്ചതുമൊക്കെ ഇങ്ങനെയൊരു വീക്ഷണ കോണിലൂടെയും പോലീസ് നോക്കി കാണുന്നുണ്ട്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊല നടത്തിയതും ക്വട്ടേഷന്‍ സാധ്യതകളാണ് കാണിക്കുന്നത്.
ആയുധമില്ല, കൈയുറ മാത്രം
ഷീബയേയും സാലിയേയും ആക്രമിച്ചത് എന്ത് ആയുധം കൊണ്ടാണെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയമാണ്. കൊലയാളിയുടേതായി ആയുധങ്ങളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. അതേസമയം സ്വീകരണ മുറിയിലെ ടീപ്പോയ് ഉപയോഗിച്ചാവാം ദമ്പതികളുടെ തലയ്ക്കടിച്ചതെന്നും കരുതുന്നു. തകര്‍ന്നു കിടക്കുന്ന ടീപ്പോയാണ് അത്തരമൊരു നിഗമനത്തിന് ആധാരം. കൊലയാളിയുടെതായി വീട്ടില്‍ നിന്നും കണ്ടെത്തിയത് രക്തക്കറ പുരണ്ട ഒരു കൈയുറ മാത്രമാണ്.
കുഴപ്പിച്ച് പൊലീസ് നായ
കൊലയാളിയുടെതാണെന്നു സംശയിക്കുന്ന കൈയുറയുടെ മണം പിടിച്ച് പോലീസ് നായ വീട്ടില്‍ നിന്നും ഒരു കീലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം റൂട്ടില്‍ അറുപുഴ പാലത്തിന് സമീപത്തെ കടവ് വരെ ചെന്നിരുന്നു.എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പോലീസിനെ കുഴപ്പിക്കുന്നൊരു കാര്യം ഇവിടെ സംഭവിച്ചിട്ടുണ്ട്. ദമ്പതികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ പോയതിന്റെ നേരെ എതിര്‍ദിശയിലേക്കാണ് പോലീസ് നായ ഓടിയത്. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദമ്പതികളുടെ കാര്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കൈയുറ മണത്ത് പോലീസ് നായ കാര്‍ പോയതിന്റെ എതിര്‍ദിശയില്‍ പോയതുകൊണ്ട് ആ കൈയുറ കൊലയാളി സംഘത്തിലെ മറ്റാരെങ്കിലും ധരിച്ചിരുന്നതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.
അപ്രത്യക്ഷമായ കാര്‍
കേസിലെ നിര്‍ണായക തെളിവാണ് ദമ്പതികളുടെ ചുവന്ന 2007 മോഡല്‍ വാഗണ്‍ ആര്‍ കാര്‍. ഈ കാര്‍ കൊണ്ടുപോയ ആളാണ് ഷീബയുടെ കൊലയാളി. എന്നാല്‍ കാര്‍ നമ്പര്‍ അടക്കം വിവരം നല്‍കിയിട്ടും രണ്ടു ദിവസമായി ആ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈക്കം വരെ കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവികളില്‍ നിന്നും കിട്ടിയിട്ടുണ്ട്. എറണാകുളത്തേക്ക് പോകാനോ അല്ലെങ്കില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാനോ ആണ് പോലീസ് സാധ്യത കാണുന്നത്. ചെക് പോസ്റ്റൂകളിലും ടോള്‍ പ്ലാസകളിലും കാറിനെ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമയമായിട്ടും ഒരു വിവരവും കാറിനെ സംബന്ധിച്ച് കിട്ടിയിട്ടില്ല. കായലിലോ മറ്റോ കാര്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമോ എന്ന സംശയവും പോലീസിനുണ്ട്.
കൊലയാളി കൊണ്ടു പോയ മൊബൈല്‍ ഫോണ്‍
രണ്ട് മൊബൈല്‍ ഫോണുകള്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും കാണാതെ പോയിരുന്നു. ഇതില്‍ ഒരു ഫോണ്‍ വീടിന് പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. മറ്റൊരു ഫോണ്‍ കൊലയാളിയുടെ പക്കല്‍ ഉണ്ടാകാനാണ് സാധ്യത. ഈ ഫോണ്‍ ചൊവ്വാഴ്ച്ച വൈകുന്നേരം വരെ ഓണ്‍ ആയിരുന്നുവെന്നു പറയുന്നു. എന്നാല്‍ അതിനുശേഷം സ്വിച്ച് ഓഫ് ചെയ്തു. സഹായത്തിനുവേണ്ടി ആരെയും വിളിക്കാതിരിക്കാന്‍ മന:പൂര്‍വം ഫോണുകള്‍ കൊണ്ടു പോയതാണോ, അതോ പ്രധാനപ്പെട്ട വിവരങ്ങള്‍ എന്തെങ്കിലും ഫോണില്‍ ഉള്ളതതുകൊണ്ട് കൊലയാളി അത് എടുത്തുകൊണ്ടു പോയതാണോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഈ ഫോണില്‍ ഉണ്ടായിരുന്ന നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
Leave a Reply