കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആണ് ആശങ്കയേറിയത്. ഇതോടെ ലോഡിംഗ് തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന എൺപത്തിയെട്ട് പേരെ നിരീക്ഷണത്തിലാക്കി.

മുപ്പത്തിയേഴുകാരനായ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പകർന്നത് പാലക്കാട് നിന്നെത്തി കോട്ടയം മാർക്കറ്റിൽ ലോഡിറക്കി മടങ്ങിയ ഡ്രൈവറിൽ നിന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ സാമ്പിൾ ഫലം നെഗറ്റീവായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ആശങ്കയിലായി. തൊഴിലാളിക്ക് രോഗം പകർന്ന് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.

ഇയാളുമായി സമ്പർക്കത്തിൽ വന്ന 88 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 24 പേർ പ്രഥമിക സമ്പർക്കത്തിൽ വന്നവരും 64 പേർ രണ്ടാംഘട്ട സമ്പർക്കത്തിൽ പെട്ടവരുമാണ്. വീടുകളിൽ സൗകര്യമില്ലാത്ത 25 പേരെ ഐസൊലേഷൻ കേന്ദ്രത്തിലാണ് നിരീക്ഷണത്തിലാക്കിയത്. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെനിന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി. എട്ട് പേരാണ് ലിസ്റ്റിൽ ഉള്ളത്.