പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ അറക്കൽക്കുന്നേൽ കുഞ്ഞുമോൾ മാത്യു(42)വാണ് കൊല്ലപ്പെട്ടത്. കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറും അയൽവാസിയുമായ സിബി മുഞ്ഞനാട്ടി(44)നെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. സെപ്റ്റംബർ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളിനിയിലാണ് സംഭവമുണ്ടായത്. കുഞ്ഞുമോൾ മാത്യുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സിബി മുഞ്ഞനാട്ടിനെ സമീപത്തെ റബർ തോട്ടത്തിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ച രണ്ടുപേരും വിവാഹിതരും അയൽവാസികളുമാണ്. സംഭവമറിഞ്ഞ് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരവരുടെയും മൃതദേഹങ്ങൾ വിശദമായ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിനു പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.