പമ്പാവാലി∙കൊടുംവരൾച്ചയിൽ കുത്തിയ കിണറിൽ നിന്നു നിലയ്ക്കാത്ത ജലപ്രവാഹം. വെള്ളത്തിന്റെ ആധിക്യം മൂലം കിണർ കൂടുതൽ ആഴത്തിൽ കുഴിക്കാനായില്ല! എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകർ കുത്തിയ കിണറാണ് അത്ഭുത നീരുറവയായി മാറിയത്.
8 അടി ആഴത്തിലെത്തും മുൻപ് വെള്ളം ഉണ്ടാവുമെന്നു നോട്ടക്കാരൻ പറഞ്ഞു. ജീവനക്കാരുടെയും മറ്റും നേതൃത്വത്തിൽ കിണർ കുഴിക്കാൻ തുടങ്ങി രണ്ട് ദിവസം കൊണ്ട് 5 അടി താഴ്ന്നതോടെ ഉറവക്കണ്ണികൾ പൊട്ടി കിണറ്റിലേക്കു കുതിച്ചു.ഏതാനും മണിക്കൂറുകൾക്കകം കിണറ്റിൽ വെള്ളം നിറഞ്ഞു. വനപാലകർക്കു പുറമെ ഇതുവഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീർഥാടകർക്കും വെള്ളം പ്രയോജനപ്പെടും. നിലവിൽ ഉൾവനത്തിൽ നിന്ന് ഹോസ് ഉപയോഗിച്ചാണു തീർഥാടകർക്കായി കാളകെട്ടിയിൽ വെള്ളം എത്തിക്കുന്നത്.
മിക്കപ്പോഴും ഹോസുകൾ ആനയയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. ഈ പ്രശ്നത്തിനും കിണർ വെള്ളം പരിഹാരമായി.കിണറിന്റെ ഉദ്ഘാടനം വനസംരക്ഷണ സമിതി ചെയർമാൻ എം.എസ്. സതീഷ് നിർവഹിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാർ, എസ്.ശിവരാജൻ, സാം വി. മാമ്മൻ എന്നിവർ പങ്കെടുത്തു.
Leave a Reply