പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്നാഥ് അന്തരിച്ചു. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുംമുമ്പാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ എഴുതിയിട്ടുണ്ട്. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പുഷ്‌പനാഥിന്റെ സ്‌കൂൾ വിദ്യാഭ്യാസം.
പിന്നീട് കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972-ൽ ചരിത്രത്തിൽ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കോട്ടയം ജില്ലയിൽ അധ്യാപകനായിരുന്ന പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷം പൂർണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂർ പ്രൈവറ്റ് സ്‌കൂൾ, ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്, ആർപ്പൂക്കര ഗവൺമെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികൾ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യമുണ്ടായി. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.
കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മലയാളത്തില്‍ ഒരു തലമുറയെ തന്‍റെ പ്രത്യേകതകള്‍ നിറഞ്ഞ എഴുത്തുശൈലിയിലൂടെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു പുഷ്പനാഥ്. കോട്ടയം എം.ടി.സെമിനാരി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അമ്മയായിരുന്നു വായനയുടെ ലോകത്തേയ്‌ക്ക് കൊണ്ടുവന്നത്. കുട്ടിക്കാലത്തേ നോവലുകളും ആഴ്‌ചപ്പതിപ്പുകളുമൊക്കെ വായിച്ചുവളര്‍ന്നു. രാത്രി വൈകും വരെ അമ്മ അടുത്തിരുന്നു വായിപ്പിക്കും. ഒരു ഓണക്കാലത്ത് അമ്മ മരിച്ചുപോയി. അതോടെ ഏകാന്തതയായി. പുസ്‌തകങ്ങളെ കൂട്ടു തന്നിട്ടാണ് അമ്മ പോയതെന്ന് പുഷ്പനാഥ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോ പിന്നെ ആ ചങ്ങാത്തം തുടർന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞുപോയതോടെ ശരിക്കും ഒറ്റപ്പെട്ടു. പട്ടിണിയൊന്നുമില്ല. ചിലപ്പോൾ കൂട്ടുകാർ അല്ലെങ്കിൽ ആയൽ വീട്ടുകാർ ഭക്ഷണം തരും.
അപ്പോഴും എഴുത്തുകാരനാവണമെന്നൊന്നും തോന്നിയില്ല. ഉടൻ ജോലി വേണം. അങ്ങനെ ടിടിസി കഴിഞ്ഞിറങ്ങി പത്തൊമ്പതാമത്തെ വയസ്സിൽ മലപ്പുറം മഞ്ചേരിയിൽ ഒരു സ്‌കൂളിൽ താൽക്കാലിക ജോലി കിട്ടി. പിന്നെ സർക്കാർസ്‌കൂളിൽ സ്‌ഥിരം ജോലി. ദേവികുളത്ത്, പി്‌ന്നെ ഒരു പാടു സ്‌കൂളുകളിൽ മാഷായി. ഒടുവിൽ കാരാപ്പുഴ സർക്കാർ സ്‌കൂളിൽ വച്ച് റിട്ടയർചെയ്‌തു. ജ്യോഗ്രഫിയും സോഷ്യൽ സറ്റഡീസുമായിരുന്നു വിഷയങ്ങൾ.
അപസർപ്പക കഥയുടെ ആമുഖം പോലെ ഒരു നിമിഷം നിശബ്‌ദം. അധ്യാപകനായി കഴിഞ്ഞിട്ടും കുട്ടിക്കാലത്ത് മനസ്സിൽ കയറിയ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയില്ല. ഫൗണ്ട് ഓഫ് ദ ബാസ്‌കർ വിൽസിലെ ചെന്നായ മനസ്സിൽ ഓരിയിട്ടു. ഒടുവിൽ പുഷ്‌പനാഥ് എന്ന ഡിറ്റക്‌ടീവ് നോവലിസ്‌റ്റിന്‍റെ പേനയിൽ അപസർപ്പക നോവലിന്റെ ചുവന്ന മഷി നിറഞ്ഞു. ആദ്യ നോവൽ പിറന്നു- ചുവന്ന മനുഷ്യൻ.. പഠിപ്പിക്കുന്നത് സോഷ്യൽസ്‌റ്റഡീസ് ആയതുകൊണ്ട് വിദേശരാജ്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്നു. ഇതുവരെ ഒരു വിദേശരാജ്യത്തുപോലും പോയിട്ടില്ലെങ്കിലും കഥാപാത്രങ്ങളെ വിമാനം കയറ്റി ലണ്ടനിലേക്കും കാർപാത്യൻ മലനിരകളിലേക്കുമൊക്കെ അയക്കുവാൻ ഒരു വിഷമവും ഉണ്ടായില്ല.
മകനും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ കോട്ടയം സലിം പുഷ്പനാഥ് കുഴഞ്ഞുവീണായിരുന്നു മരിച്ചത്. കുമളിക്കു സമീപം സലിമിന്റെ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാന്റേഷൻ ഹൗസിൽ ആയിരുന്നു സംഭവം.
Leave a Reply