പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരനാണ് മരിച്ചത്.

പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അമിത് (10) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടിൽ ജലജയുടെ മകനാണ് അമിത്. കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ ജലജയുടെ പിതാവ് മുരളിയും (70), കെകെ ജിൻസും (33) നേരത്തെ മരിച്ചു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എൽ.പി സ്കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കും നിസാരമായി പരിക്കേറ്റിരുന്നു.