കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതി 23കാരനെന്ന് പോലീസ്. ഇയാളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി അറിയിച്ചു.
പെട്ടെന്നുള്ള ദേഷ്യത്തിൽ തലക്കടിച്ചു കൊന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഗ്യാസ് തുറന്നുവിട്ടത് തെളിവു നശിപ്പിക്കാനാണെന്നും പ്രതി പറഞ്ഞു. അതേസമയം വീട്ടുകാരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
കൃത്യത്തിനുശേഷം ദമ്പതിമാരുടെ കാറുമായി പെട്രോൾ പമ്പിലെത്തിയതാണ് പ്രതിയെ കുരുക്കിയത്. ഈ ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകൾ ദമ്പതികൾക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊടുക്കൽ വാങ്ങലുകളിലെ തർക്കമാകാം കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകൾ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.
അതേസമയം, ദമ്പതികളുടെ വീട്ടിൽ നിന്ന് പണവും രേഖകളും സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ബിലാലിന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒന്നിലധികം പേർ കൃത്യത്തിൽ പങ്കെടുത്തിരുന്നു എന്നാണ് പോലീന്റെ വിലയിരുത്തൽ.
Leave a Reply