തിരുവനന്തപുരം: ”നയതന്ത്ര” സ്വര്‍ണക്കടത്തു കേസ് അന്വേഷണം സംസ്ഥാനത്തെ പ്രമുഖ ജുവലറി ഗ്രൂപ്പിലേക്കു തിരിയുന്നതായി സൂചന. സ്വപ്‌നയും സരിത്തും ഇവരുടെ ഇടനിലക്കാര്‍ മാത്രമാണെന്ന സംശയം ബലപ്പെടുകയാണ്. കേരളത്തിലെ ഒരു പ്രമുഖ ജുവലറി ഗ്രൂപ്പിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന സൂചനകള്‍ കസ്റ്റംസിനു നേരത്തേ ലഭിച്ചിരുന്നു.

എന്നാല്‍, ഇവരിലേക്കു സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ കാലയളവിനിടെ സംസ്ഥാനത്തിനകത്തും വിദേശത്തും വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ജുവലറി ശൃംഖല ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമാണ്. യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണം കടത്തിയതിനു പിന്നില്‍ ചില്ലറക്കാരല്ലെന്നു വ്യക്തമാണ്. അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ. സരിത്, സംശയനിഴലിലുള്ള സ്വപ്‌ന എന്നിവര്‍ക്കു പുറമേ, ഈ ജുവലറി ഗ്രൂപ്പുമായി അടുപ്പമുള്ള ചില താരങ്ങളിലേക്കും അന്വേഷണം നീളും.

പതിവായി വിദേശപര്യടനം നടത്തിയിരുന്ന താരങ്ങളിലേക്കാണു കസ്റ്റംസിന്റെ ശ്രദ്ധ നീളുന്നത്. കൊച്ചിയിലെ ഒരു െഫെസല്‍ ഫരീദാണു തങ്ങളില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയിരുന്നതെന്നാണു സരിത്തിന്റെ മൊഴി. െഫെസല്‍ ഫരീദും കാരിയര്‍ മാത്രമാണെന്നാണ് കസ്റ്റംസ് നിഗമനം. പല കാരിയര്‍മാരിലൂടെ െകെമറിഞ്ഞാണ് കള്ളക്കടത്തു സ്വര്‍ണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതെന്നിരിക്കെ അന്വേഷണവഴി എളുപ്പമല്ല. സ്വപ്‌ന സുരേഷിനെ പിടികൂടുന്നതോടെ പുകമറ കുറെയെങ്കിലും നീങ്ങുമെന്നാണു കരുതുന്നത്.