കോട്ടയം നഗരത്തെ നടുക്കി ഒരു ആത്മഹത്യ. നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മൂന്നു വാഹനങ്ങള്‍ക്കു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ നോക്കിയ യുവാവ് അവസാനം മിനി ലോറി കയറി മരിച്ചു. പാലാത്ര കണ്‍സ്ട്രക്ഷന്‍സ് കമ്പനിയിലെ ലെയ്‌സണ്‍ ഓഫീസര്‍ ആലപ്പുഴ ചെറുകര തുണ്ടിയില്‍ ടി.എ. പുത്രന്റെ മകന്‍ പി. പി രാജേഷാ(42)ണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ടി.ബി. റോഡില്‍ ഭീമ ജൂവലറിക്കു സമീപമാണ് അപകടം. ടി.ബി. റോഡിനു നടുവിലൂടെ ഓടിയ രാജേഷ് ആദ്യം രണ്ടു വാഹനങ്ങള്‍ക്കു മുമ്പില്‍ ചാടിയെങ്കിലും രക്ഷപ്പെട്ടു. മൂന്നാംതവണ കെ.എസ്.ആര്‍.ടി.സി. ബസില്‍ തട്ടിവീണപ്പോള്‍ മിനി ലോറി ശരീരത്തിലൂടെ കയറുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഓടിവന്ന രാജേഷ് ആദ്യം ലോറിക്കു മുന്നിലാണ് ചാടിയത്. പെട്ടെന്നു ബ്രേക്കിട്ടതുകൊണ്ടു ലോറി തട്ടിയില്ല. പക്ഷേ പച്ചക്കറിയുമായി വന്ന ടാറ്റാ എയ്‌സ് ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. എയ്‌സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ടാണ്.
എന്നിട്ടും പിന്മാറാതെ ഓടിയ രാജേഷ് അനുപമ തിയറ്ററിനു മുന്നില്‍ വച്ച് സ്വകാര്യ ബസിനു മുന്നില്‍ ചാടി. ബസ് വേഗം കുറച്ചെത്തിയതിനാല്‍ അപകടമുണ്ടായില്ല. അല്‍പംകൂടി മുന്നോട്ടോടിയ രാജേഷ് കെ.എസ്.ആര്‍.ടി.സി. ബസിനുമുന്നില്‍ ചാടിയാണ് മൂന്നാംശ്രമം നടത്തിയത്. ബസിന്റെ വശത്തു തട്ടിയ രാജേഷ് തെറിച്ചു വീണത് പിന്നാലെ വന്ന മിനി ലോറിയുടെ അടിയിലേയ്ക്കാണ്. ലോറി തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്നു ലോറിയില്‍നിന്നു ഡ്രൈവര്‍ ഇറങ്ങി ഓടിയതോടെ ടി.ബി. റോഡ് ഗതാഗതക്കുരുക്കിലായി. 15 മിനിറ്റോളം റോഡില്‍ത്തന്നെ കിടന്ന മൃതദേഹം ട്രാഫിക് പൊലീസ് എത്തി കണ്‍ട്രോള്‍ റൂം വാഹനത്തില്‍ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റുകയായിരുന്നു. റോഡില്‍ ചിതറിക്കിടന്ന രക്തവും തലച്ചോറും അഗ്‌നിരക്ഷാ സേനാ അധികൃതര്‍ എത്തിയാണ് മാറ്റിയത്. ഡോ. ബിന്ദുവാണു രാജേഷിന്റെ ഭാര്യ. മകന്‍ പ്രണവ് . മാതാവ് തങ്കമ്മ.
Leave a Reply