സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുന്ന ബ്രിട്ടനിൽ മരണസംഖ്യ 6000 കടന്നു. ഇന്നലെ മാത്രം യുകെയിൽ മരണപ്പെട്ടത് 786 പേരാണ്. തിങ്കളാഴ്ച ഇത് 439 മാത്രമായിരുന്നു. ഇതോടെ ബ്രിട്ടനിൽ ആകെ മരണസംഖ്യ 6159 ആയി ഉയർന്നു. 3634 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55242 ആയി. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണസംഖ്യ കുത്തനെ ഉയരുന്നത് സർക്കാരിനും എൻ എച്ച് എസിനും വലിയ വെല്ലുവിളിയാണ്. യുകെയിൽ ആദ്യ 200 മരണങ്ങൾ സംഭവിക്കാൻ 17 ദിവസമെടുത്തു. പക്ഷേ അടുത്ത 17 ദിവസം കൊണ്ട് 6000ത്തോളം മരണങ്ങൾ ഉണ്ടായി. പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിന് സാമൂഹിക അകലം പാലിക്കൽ തുടരണമെന്ന് സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ വാലൻസ് പറഞ്ഞു. എന്നിരുന്നാലും, മരണങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുകെയിൽ രോഗവ്യാപനം ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഉയർന്ന മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ നടപടി തുടരുന്നുണ്ടെന്നും ഈസ്റ്റർ വാരാന്ത്യത്തിലും ആളുകൾ അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക്ക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന്, സമയമാകുമ്പോൾ സർക്കാർ തീരുമാനമെടുക്കുമെന്ന് റാബ് ഉത്തരം നൽകി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബോറിസ് ജോൺസണ് ഓക്സിജൻ തെറാപ്പി ലഭിക്കുന്നുണ്ടെന്ന് റാബ് പറഞ്ഞു. “കാബിനറ്റിൽ നമുക്കെല്ലാവർക്കും അദ്ദേഹം ബോസ് മാത്രമല്ല – ഒരു സഹപ്രവർത്തകനും സുഹൃത്തും കൂടിയാണ്.” റാബ് അറിയിച്ചു. രോഗകാലത്ത് ഓരോ ആശുപത്രിയിലും മതിയായ തീവ്രപരിചരണ വിഭാഗങ്ങൾ (ഐസിയു) കിടക്കകൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് പാട്രിക് പറഞ്ഞു. ഐസിയുവിന്റെ മൊത്തത്തിലുള്ള ശേഷി വർദ്ധിപ്പിക്കുന്നതിൽ എൻ‌എച്ച്എസ് പ്രയത്നിച്ചു. അതിനാൽ കാര്യങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നതായി തോന്നുന്നെന്ന് പാട്രിക് കൂട്ടിച്ചേർത്തു. കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിച്ചു നിർത്തുന്ന ജർമ്മനിയിൽ നിന്ന് അനേകകാര്യങ്ങൾ നമുക്ക് പഠിക്കേണ്ടതായിട്ടുണ്ടെന്ന് സർക്കാറിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 82,074 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. അമേരിക്കയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1970 ആണ്. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി എണ്ണൂറ് പിന്നിട്ടിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 4ലക്ഷം പിന്നിട്ടു. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ കോവിഡ് അതിന്‍റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്.