കോവിഡ് ബാധിതനായ ബ്രിട്ടിഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് ലഭിക്കുന്നത് വിമാനം ടേക്ക് ഓഫിനെടുക്കുന്നതിന് 15 മിനിറ്റ് മുമ്പ്. അതിവേഗമായിരുന്നു തുടർന്നുള്ള നീക്കങ്ങൾ. വിമാനം പിടിച്ചിടാൻ കളക്ടറുടെ നിർദേശമെത്തുമ്പോൾ മുഴുവൻ ജീവനക്കാരുടെയും ബോർഡിങ് പൂർത്തിയായിരുന്നു. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ അതിനിർണായകമായിരുന്നു 8.45ന് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കലക്ടർക്കെത്തിയ ആ സന്ദേശം. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്കു പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം.
ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് കലക്ടർ മുതിരുകയായിരുന്നു. കൊച്ചി നഗരത്തിലെ ക്യാംപ് ഓഫിസിൽ നിന്നും നെടുമ്പാശേരിയിലേക്കു കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കാനും നിർദേശം നൽകി. ഭാര്യാസമേതനായെത്തിയ ബ്രിട്ടിഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്കു കയറ്റി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ തിരക്കിട്ട കൂടിയാലോചന. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവരുമായി ഫോണിൽ ആശയവിനിമയം.
ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, എസ്.പി കെ.കാർത്തിക്, സിഐഎസ്എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച. വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്കു വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി വിമാനം പറന്നുയരുമ്പോൾ സമയം 12.47. പരിശോധന വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം അവിടെ തീർന്നില്ല. വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ കണ്ടെത്തലായിരുന്നു അടുത്ത നടപടി. വിമാനത്താവള ജീവനക്കാരും സിഐഎസ്എഫ് സുരക്ഷാഭടൻമാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാൻ നടപടി. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സിസിടിവി നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കലക്ടർ നിർദേശം നൽകി. ഇവർക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകും.
Leave a Reply