സ്വന്തം ലേഖകൻ

മെൽബൺ :- കറുത്തവർഗക്കാർക്കെതിരെ ലോകമെമ്പാടും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മെൽബണിൽ പതിനായിരത്തോളം പേർ നടത്തിയ റാലിയിൽ പങ്കെടുത്തയാൾക്കു കോവിഡ് പോസിറ്റീവ്. ശനിയാഴ്ച മുഴുവൻ ഇദ്ദേഹം നഗരത്തിലൂടെ യാത്ര ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിനുശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാളിൽ നിന്നും അനേകം പേർക്ക് രോഗം പകർന്നിരിക്കാം എന്ന ആശങ്കയിലാണ് അധികൃതർ. മറ്റു രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയിൽ രോഗത്തിന്റെ രണ്ടാംവരവ് ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൺ സിഡ്നി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇദ്ദേഹത്തിന് റാലിയിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ രോഗം ഉണ്ടായിരുന്നതിനാലാണ്‌ ഇത്രവേഗം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാളുമായി 15 മിനിറ്റിലേറെ സമ്പർക്കം പുലർത്തിയവർ സെൽഫ് ക്വാറന്റൈനിൽ പോകണമെന്ന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകിയിട്ടുണ്ട്. രോഗം പടരാനുള്ള സാഹചര്യം അധികമായാൽ 20 ലേറെ പേരുള്ള കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് വിക്ടോറിയ സ്റ്റേറ്റ് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു. ജനങ്ങൾ കുറച്ചുകാലത്തേക്ക് പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. യുഎസിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പോലീസുകാരുടെ അക്രമത്തെ തുടർന്ന് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ട്.

പ്രതിഷേധപ്രകടനങ്ങൾ നിലവിലെ ആരോഗ്യ വ്യവസ്ഥയെ തകർക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.